Pages

Friday, 28 October 2011

കൊടി

വാനിലാടിയ കൊടിക്കുറകളോരോന്നും
മിച്ചം വെച്ചതോരോ കഥകള്‍.....
ഇരുട്ട് മൂടിയ ദേശങ്ങള്‍ക്കൊരു
മിന്നാമിന്നി ,മെഴുകുതിരി,തീപ്പന്തം
ഒക്കെയും കൊടുത്തിരുന്ന കൊടിമരങ്ങള്‍,
സ്വാതന്ത്ര്യത്തിന്റെ അഭിമാനം....
ഞെരമ്പുകളില്‍ ചോര പായിച്ച
വിപ്പ്ലവ  ചെങ്കൊടികള്‍,
സമത്വത്തിന്റെ  പ്രതീക്ഷ....
മുരടിച്ച മനുഷ്യത്വത്തിന്റെ
കരിങ്കൊടികള്‍,
ഫാസിസത്തിന്റെ കൊലച്ചിരി....
മതം മയക്കിയ കറുപ്പിന്റെ
വെള്ളയും,കാവിയും,പച്ചയും
നിറക്കൊടികള്‍,
തീവ്രവാദത്തിന്റെ സ്വത്വം ...

നോക്കു...
തെരുവിലെ പട്ടിണിക്കാരന്‌
നാണം മറക്കുന്ന തുണികളാണീ
കൊടികളോരോന്നും ...

കൊടി വെറും തുണിയാകുന്നിവിടെ ...

Wednesday, 19 October 2011

പെങ്ങള്‍

പരിചയത്തിനും ദേഷ്യത്തിനും ഇടയിലൊരു കാര്‍മേഘം
ദേഷ്യത്തിനും അനിഷ്ട്ടത്തിനും ഇടയിലൊരു ഇടി മിന്നല്‍
അനിഷ്ട്ടത്തിനും ഇഷ്ടത്തിനും ഇടയിലൊരു പെരുമഴ
ഇഷ്ട്ടത്തിനും സ്നേഹത്തിനും ഇടയില്‍ ഒരു മഴവില്ല്
സ്നേഹത്തിനും വാല്സല്യത്തിനും ഇടയില്‍ തിളങ്ങുന്ന ആകാശം
പിന്നെയൊരു വസന്തവും ..........
ഇങ്ങനൊരാള്‍ ഇവിടുണ്ടെന്നവിടെയും,
അങ്ങനൊരാള്‍ അവിടുണ്ടെന്നിവിടെയും
കരുതുവോളം ....
ആ വസന്തം പൂ വിടര്ത്തിക്കൊണ്ടിരിക്കും......

Tuesday, 18 October 2011

ഓര്‍മ്മക്കുറിപ്പ്‌.

                                                  
             കാലത്തിനെയും സമയത്തിനെയും ഓടി തോല്‍പ്പിക്കുന്ന വ്യഗ്രതകള്‍ക്കിടയിലാണ് കലാലയ ജീവിതത്തിന്റെ ഭൂതകാല സ്മരണകളില്‍ ഉടക്കി മനസ്സ് പകച്ചത്‌..നല്ല നിമിഷങ്ങള്‍ ജീവിതത്തില്‍ അപ്പോള്‍ മാത്രമേ നല്ലതാകുന്നുള്ളൂ..ഓര്‍മകളിലേക്ക് എത്തുമ്പോള്‍ അവയും നമ്മെ വേദനിപ്പിക്കാന്‍ തുടങ്ങും.വിചിത്രമായ യാഥാര്‍ത്ഥ്യം.
            
             വികാര പ്രക്ഷുബ്ധമായ കാലഘട്ടം .വിപ്ലവത്തിന്റെ ,പ്രണയത്തിന്റെ ,കാല്‍പ്പനികതയുടെ ,എല്ലാ വസന്തങ്ങളും സമ്മാനിച്ച്‌ കടന്നുപോയി.അര്‍ത്ഥ ശൂന്യമായ ചിന്തകള്‍ പലപ്പോഴും മനസ്സിനെ പാളം തെറ്റിയ തീവണ്ടിക്കു സമമാക്കി.എങ്കിലും നഷ്‌ടമായ വികാരങ്ങളെ ഓര്‍ത്താണ് എന്റെ വേദന മുഴുവന്‍.
          
                                 ആദ്യമായി ആ കുന്നു കയറിയപ്പോള്‍ ജനിച്ച ആശങ്കകള്‍ ജീവിതത്തിന്റെ പ്രതീക്ഷകളായി വളര്‍ന്ന്തെറ്റുകളുടെ അപകര്‍ഷതാേബാധത്തിലൂടെ ഒടുവില്‍ വേര്‍പാടിന്റെ മൂകതയായി ആ പാറക്കുട്ടങ്ങള്‍ക്കിടയില്‍ തന്നെ കുഴിച്ചു മൂടപ്പെട്ടു.പക്ഷെ കണ്ട കാഴ്ചകള്‍ മായ്ക്കാനും കേട്ട കേള്‍വികള്‍ മറക്കാനും കഴിയാതെ പോകുന്നത് എവിടെയോ ഏതൊക്കെയോ വേരുകളാല്‍ നമ്മള്‍ അറിയാതെ കേട്ട് പിണഞ്ഞു കിടക്കുന്നതുകൊണ്ടാവം...


                   നട്ട പ്രാന്തിന്റെ മൂര്ദ്ധന്ന്യാവസ്തയില്‍ പെട്ട് ലോകം ഉറങ്ങുന്ന നേരം നോക്കി കോഴിക്കോട് നഗരത്തെ വലം വെച്ച് ,തിരമാലകളോട് മത്സരിച്ച്‌,പൂഴിമണലില്‍  വീണു കളിച്ചു കിടന്നുറങ്ങിയ രാത്രികള്‍ ,ഇല്ല്ലായ്മകളും വല്ലായ്മകളും കൊണ്ട് സൌഹൃദത്തിന്റെ മണിമാളികകള്‍ പണിത ഹോസ്റ്റല്‍ ദിനങ്ങള്‍ ,പുതുതായി വാങ്ങിച്ച ഉടുപ്പിനു നമ്മെക്കാള്‍ മുന്‍പ് ഉടമസ്ഥാവകാശം നേടിയെടുക്കുന്ന കൂടെ പിറക്കാത്ത 'കൂടപ്പിറപ്പുകള്‍',റെക്കോര്‍ഡുകള്‍ അലങ്കരിച്ചു തന്നു കൊണ്ട് മാത്രം സ്നേഹം കാണിച്ചു ശീലിച്ച 'പെങ്ങന്മാര്‍',വീണ് പോകാതെ താങ്ങി നിര്‍ത്തിയ 'അധ്യാപക സുഹൃത്തുക്കള്‍',പരീക്ഷാ തലേന്ന് മാത്രം തോന്നുന്ന കുറ്റബോധവും പിന്നെ ഫലം വരുന്നത് വരെ മാത്രം തോന്നുന്ന ആത്മവിശ്വാസവും..........
  
എല്ല്ലാം നല്‍കിയിട്ട് തിരിച്ചെടുക്കുന്ന കാലത്തിനോട് പരിഭവങ്ങളെക്കാള്‍ കടപ്പാടുകള്‍ മാത്രമേ  ഉള്ളു..

                                     'ലോകാവസാനം വരെ കെട്ടി പിടിച്ചിരുന്നാലുംവേര്പടാണ് യാഥാര്‍ത്ഥ്യം'എന്ന സത്യം   മനസ്സിലാക്കേണ്ടിയിരിക്കുന്നു.  എന്നിരുന്നാലും,കാണുന്ന മുഖങ്ങളിലും പോകുന്ന വഴികളിലും ഞാന്‍ നിങ്ങളെ ഓരോരുത്തരെയും പരതിക്കൊണ്ടിരിക്കും ,കാലുകള്‍ എത്ര വിണ്ടു കീറിയാലും ശരി........

നിള


ഇന്നലെ :
അവളില്‍ മാമാങ്കത്തിന്റെ
തിരുശേഷിപ്പുകള്‍ ഉണ്ടായിരുന്നു..
സംസ്കാര നാളങ്ങള്‍
ഒഴുകിയിരുന്നു...
മടിതട്ടിലിട്ടു നമ്മെ
താലോലിച്ചിരുന്നു....
ഇന്ന് :
വസ്ത്രങ്ങള്‍ ഉൗരിയെറിഞ്ഞു
മാനഭംഗപ്പെടുത്തി
മതിവരാതെ നഗ്നതയില്‍
ചവിട്ടി നിന്ന് അട്ടഹസിച്ചു..
വില്‍പ്പന ചരക്കുകള്‍ ...
വിപണന തന്ത്രങ്ങള്‍ ....
നാളെ :
ഇവിടെയൊരു നദി
ഒഴുകിയിരുന്നു.
നമ്മുടെ കാലുകള്‍ക്കിടയില്‍
അവളുടെ ആത്മാവ് ഒഴുകുന്നുണ്ടാകാം..
ഗവേഷണം നടത്താന്‍
ഫോസ്സിലുകള്‍ പോലും ബാക്കിയില്ല.....

Saturday, 15 October 2011

ജീവിതം

ജീവിതം :
*******
ഒരു മുഖം മൂടിയും
പൊയ് കാലും
ആരെങ്കിലും തന്നിരുന്നെങ്കില്‍
ബാക്കി ജീവിതം ജീവിച്ചു
തീര്‍ക്കാമായിരുന്നു...

Wednesday, 12 October 2011

കൂരമ്പുകള്‍

കൂരമ്പുകള്‍
***********
കൂരമ്പുകള്‍ ഇനിയും പാഞ്ഞു വരും
കടിച്ചു കീറാന്‍ തെരുവ് നായ്ക്കളും
അന്ന്....
എന്റെ ശവക്കാഴ്ച കാണുന്നവരില്‍
ഒരാള്‍ മാത്രമായിരിക്കും നിങ്ങള്‍.....

Tuesday, 11 October 2011

വിപ്ലവം.

        വിപ്ലവം
       *******                                
എരിയുന്ന കനലിലും
വിരിയുന്ന പൂവിലും
പറയുന്ന വാക്കിലും
കരയുന്ന കണ്ണിലും ...