കാലത്തിനെയും സമയത്തിനെയും ഓടി തോല്‍പ്പിക്കുന്ന വ്യഗ്രതകള്ക്കിടയിലാണ് കലാലയ ജീവിതത്തിന്റെ ഭൂതകാല സ്മരണകളില്‍ ഉടക്കി മനസ്സ് പകച്ചത്..നല്ല നിമിഷങ്ങള്‍ ജീവിതത്തില്‍ അപ്പോള്‍ മാത്രമേ നല്ലതാകുന്നുള്ളൂ..ഓര്‍മകളിലേക്ക് എത്തുമ്പോള്‍ അവയും നമ്മെ വേദനിപ്പിക്കാന്‍ തുടങ്ങും.വിചിത്രമായ യാഥാര്‍ത്ഥ്യം.
വികാര പ്രക്ഷുബ്ധമായ കാലഘട്ടം .വിപ്ലവത്തിന്റെ ,പ്രണയത്തിന്റെ ,കാല്‍പ്പനികതയുടെ ,എല്ലാ വസന്തങ്ങളും സമ്മാനിച്ച് കടന്നുപോയി.അര്‍ത്ഥ ശൂന്യമായ ചിന്തകള്‍ പലപ്പോഴും മനസ്സിനെ പാളം തെറ്റിയ തീവണ്ടിക്കു സമമാക്കി.എങ്കിലും നഷ്ടമായ വികാരങ്ങളെ ഓര്‍ത്താണ് എന്റെ വേദന മുഴുവന്‍.
ആദ്യമായി ആ കുന്നു കയറിയപ്പോള്‍ ജനിച്ച ആശങ്കകള്‍ ജീവിതത്തിന്റെ പ്രതീക്ഷകളായി വളര്ന്ന്തെറ്റുകളുടെ അപകര്ഷതാേബാധത്തിലൂടെ ഒടുവില്‍ വേര്‍പാടിന്റെ മൂകതയായി ആ പാറക്കുട്ടങ്ങള്‍ക്കിടയില്‍ തന്നെ കുഴിച്ചു മൂടപ്പെട്ടു.പക്ഷെ കണ്ട കാഴ്ചകള്‍ മായ്ക്കാനും കേട്ട കേള്‍വികള്‍ മറക്കാനും കഴിയാതെ പോകുന്നത് എവിടെയോ ഏതൊക്കെയോ വേരുകളാല്‍ നമ്മള് അറിയാതെ കേട്ട് പിണഞ്ഞു കിടക്കുന്നതുകൊണ്ടാവം...
നട്ട പ്രാന്തിന്റെ മൂര്ദ്ധന്ന്യാവസ്തയില് പെട്ട് ലോകം ഉറങ്ങുന്ന നേരം നോക്കി കോഴിക്കോട് നഗരത്തെ വലം വെച്ച് ,തിരമാലകളോട് മത്സരിച്ച്,പൂഴിമണലില്‍ വീണു കളിച്ചു കിടന്നുറങ്ങിയ രാത്രികള്‍ ,ഇല്ല്ലായ്മകളും വല്ലായ്മകളും കൊണ്ട് സൌഹൃദത്തിന്റെ മണിമാളികകള്‍ പണിത ഹോസ്റ്റല്‍ ദിനങ്ങള്‍ ,പുതുതായി വാങ്ങിച്ച ഉടുപ്പിനു നമ്മെക്കാള്‍ മുന്‍പ് ഉടമസ്ഥാവകാശം നേടിയെടുക്കുന്ന കൂടെ പിറക്കാത്ത 'കൂടപ്പിറപ്പുകള്‍',റെക്കോര്‍ഡുകള്‍ അലങ്കരിച്ചു തന്നു കൊണ്ട് മാത്രം സ്നേഹം കാണിച്ചു ശീലിച്ച 'പെങ്ങന്മാര്',വീണ് പോകാതെ താങ്ങി നിര്‍ത്തിയ 'അധ്യാപക സുഹൃത്തുക്കള്‍',പരീക്ഷാ തലേന്ന് മാത്രം തോന്നുന്ന കുറ്റബോധവും പിന്നെ ഫലം വരുന്നത് വരെ മാത്രം തോന്നുന്ന ആത്മവിശ്വാസവും..........
എല്ല്ലാം നല്‍കിയിട്ട് തിരിച്ചെടുക്കുന്ന കാലത്തിനോട് പരിഭവങ്ങളെക്കാള്‍ കടപ്പാടുകള്‍ മാത്രമേ ഉള്ളു..
'ലോകാവസാനം വരെ കെട്ടി പിടിച്ചിരുന്നാലുംവേര്പടാണ് യാഥാര്‍ത്ഥ്യം'എന്ന സത്യം മനസ്സിലാക്കേണ്ടിയിരിക്കുന്നു. എന്നിരുന്നാലും,കാണുന്ന മുഖങ്ങളിലും പോകുന്ന വഴികളിലും ഞാന്‍ നിങ്ങളെ ഓരോരുത്തരെയും പരതിക്കൊണ്ടിരിക്കും ,കാലുകള്‍ എത്ര വിണ്ടു കീറിയാലും ശരി........